ക്രൈസ്തവ സ്നേഹത്തെ പ്രത്യയശാസ്ത്രവല്‍ക്കരിക്കരുത്: മാര്‍പാപ്പ

സ്നേഹിക്കാന്‍ കഴിവുള്ള വിശാലമായ ഒരു ഹൃദയത്തിനുടമയാകാന്‍ വേണ്ടി ക്രൈസ്തവര്‍ പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെയ് 14ന് രാവിലെ 7 ...

സ്നേഹിക്കാന്‍ കഴിവുള്ള വിശാലമായ ഒരു ഹൃദയത്തിനുടമയാകാന്‍ വേണ്ടി ക്രൈസ്തവര്‍ പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെയ് 14ന് രാവിലെ 7 മണിക്ക് വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. യൂദാസിന്‍റെ സ്വാര്‍ത്ഥമനോഭാവം ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ അത് നാശത്തിലേക്ക് നയിക്കുന്ന പാതയാണെന്നും മുന്നറിയിപ്പു നല്‍കി. ക്രിസ്തുവിനെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വജീവിതം മറ്റുള്ളവര്‍ക്ക് സമ്മാനിക്കാനുള്ള ഒരു ദാനമായി പരിഗണിക്കണം. 

സ്നേഹത്തിന്‍റേയും സ്വാര്‍ത്ഥതയുടേയും മാര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തേക്കുറിച്ചും മാര്‍പാപ്പ തദവസരത്തില്‍ പ്രതിപാദിച്ചു. “സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹം ഇല്ലെന്നാണ്” ക്രിസ്തുവിന്‍റെ പ്രബോധനം. എന്നാല്‍ സ്നേഹത്തിന്‍റെ കല്‍പനയ്ക്ക് നേര്‍വിപരീതമായി പ്രവര്‍ത്തിച്ച യൂദാസിനെക്കുറിച്ചും ദിവ്യബലിമധ്യേ വായിച്ച വിശുദ്ധഗ്രന്ഥഭാഗത്തില്‍ പരാമര്‍ശിക്കുന്നു. എന്താണ് ഒരു ദാനമെന്ന് മനസിലാക്കാന്‍ യൂദാസിന് ഒരിക്കലും സാധിച്ചിരുന്നില്ലെന്ന് മാര്‍പാപ്പ പറഞ്ഞു. മഗ്ദലേന മറിയം വിലകൂടിയ സുഗന്ധ തൈലം കൊണ്ട് യേശുവിന്‍റെ പാദങ്ങള്‍ കഴുകി. സ്നേഹത്തിന്‍റേയും കൃതജ്ഞതയുടേയും പ്രാര്‍ത്ഥനയുടേയും ഒരനുഷ്ഠാനമായിരുന്നത്. എന്നാല്‍ യൂദാസിന് അതൊട്ടും ഇഷ്ടപ്പെട്ടില്ല. കയ്പ്പേറിയ വിമര്‍ശനം അയാള്‍ നടത്തി, “എന്തുകൊണ്ട് ഇതു വിറ്റ് ദരിദ്രര്‍ക്കു കൊടുത്തില്ല?” എന്നായിരുന്നു അയാളുടെ ചോദ്യം. ദാരിദ്ര്യത്തെ പ്രത്യയശാസ്ത്രമായി കാണാന്‍ നടത്തുന്ന ഒരു ശ്രമമായാണ് ഇതിനെ താന്‍ കണക്കാക്കുന്നതെന്ന് മാര്‍പാപ്പ പറഞ്ഞു. പ്രത്യയശാസ്ത്രവാദികള്‍ക്ക് സ്നേഹിക്കാനാകില്ല, കാരണം അവര്‍ക്ക് സ്വയം നല്‍കാന്‍ അറിയില്ലെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.

സ്വാര്‍ത്ഥനായ യൂദാസ് മറ്റുള്ളവരില്‍ നിന്ന് വേര്‍പെട്ട് ഒറ്റയാനായി നടന്നു. ഈ മനോഭാവം യേശുവിനെ ഒറ്റിക്കൊടുക്കുന്നതില്‍ വരെ അയാളെയെത്തിച്ചു. സ്നേഹിക്കുന്നവന്‍ സ്വന്തം ജീവന്‍ ദാനമായി നല്‍കുകയാണ് ചെയ്യുക. അതേസമയം സ്വാര്‍ത്ഥമതികള്‍ സ്വന്തം ജീവിതം കാത്തുസംരക്ഷിക്കാന്‍ ശ്രമിക്കുന്നു. സ്വാര്‍ത്ഥതയില്‍ വളരുന്ന അവര്‍ ഒറ്റപ്പെട്ടവരും ഒറ്റുകാരുമായിമാറുന്നു. ഒടുവില്‍ അവര്‍ സ്വയം നശിക്കും. സ്വജീവന്‍ മറ്റുള്ളര്‍ക്ക് ദാനമായി നല്‍കുന്നവരാണെങ്കില്‍ ഒരിക്കലും ഒറ്റയ്ക്കായിരിക്കുകയില്ല. അവര്‍ സ്നേഹിക്കുന്ന കുടുംബവും സമൂഹവും അവര്‍ക്കൊപ്പമുണ്ടാകും. 

പണത്തോട് ആര്‍ത്തികാണിച്ച യൂദാസിനെ ഒരു വിഗ്രഹാരാധകനായി മാര്‍പാപ്പ വിശേഷിപ്പിച്ചു. ഈ വിഗ്രഹാരാധനയാണ് അയാളെ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുത്തിയതും അയാളുടെ മനസാക്ഷിയെതന്നെ ഏകാന്തമാക്കിയതും. ഒരു ക്രൈസ്തവന്‍ ഒറ്റപ്പെടുമ്പോള്‍ അയാളുടെ മനസാക്ഷിയും ഒറ്റപ്പെട്ടുപോകുമെന്നും മാര്‍പാപ്പ താക്കീതു നല്‍കി. അതേസമയം, ക്രിസ്തു വചനം ശ്രവിച്ച് സ്വജീവന്‍ നഷ്ടപ്പെടുത്താന്‍ തയ്യാറാകുന്ന ക്രൈസ്തവന്‍, തന്‍റെ ജീവന്‍ അതിന്‍റെ പൂര്‍ണ്ണതയില്‍ തിരികെ നേടുന്നു. യൂദാസിനെപ്പോലെ സ്വന്തം ജീവിതം കാത്തുസംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ ഒടുവില്‍ നാശത്തില്‍ ചെന്നവസാനിക്കും. “ആ നിമിഷം പിശാച് അവനില്‍ പ്രവേശിച്ചുവെന്ന്”യൂദാസിനെക്കുറിച്ച് വി.യോഹന്നാന്‍ സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. പിശാച് ചതിയനാണ്. അവന്‍റെ പ്രതിഫലം ഭയാനകമായിരിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു. യേശുവാകട്ടെ, സ്വജീവന്‍ ദാനമായി നല്‍കുന്നവരെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നു. സ്നേഹത്തിന്‍റെ ഈ ദാനം നിത്യം നിലനില്‍ക്കുന്ന ഫലങ്ങള്‍ പുറപ്പെടുവിക്കുമെന്നും മാര്‍പാപ്പ കത്തോലിക്കരെ ഉത്ബോധിപ്പിച്ചു. 

നാശത്തിലേക്കു നയിക്കുന്ന സ്വാര്‍ത്ഥതയുടെ മാര്‍ഗ്ഗത്തില്‍ നിന്ന് മാറി എളിമയോടും ശാന്തതയോടും കൂടി സ്നേഹത്തിന്‍റെ മാര്‍ഗ്ഗത്തില്‍ ചരിക്കാന്‍ വേണ്ട കൃപയ്ക്കായി പരിശുദ്ധാത്മാവിനോട് യാചിക്കാന്‍ എല്ലാ കത്തോലിക്കരേയും ക്ഷണിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്. 

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ

Related

church in the world 7846171821351443890

Post a Comment

Hot in week

Comments

.
item